Followers

ഇര





തമോഗര്‍ത്തത്തില്‍
വിരുന്നിനുപോയ
പുഴയുടെ ശ്രാദ്ധമൂട്ടാന്‍
പിരിവെടുക്കുന്ന
ബു.ജി.കള്‍


തീര്‍ന്നുപോയ
പച്ചയുടെ
രാസസൂത്രം
തിരിച്ചു പിടിക്കാന്‍
കച്ചകെട്ടിയിറങ്ങിയ
കവികള്‍


എലികളുടെ
വംശനാശത്തിനെതിരെ
പാര്‍ലമെന്റില്‍
ബില്ലവതരിപ്പിക്കുന്ന
പൂച്ചകള്‍


പരിണാമം മൂലം
മാഞ്ഞുപോയ
ഹൃദയത്തിന്‍റെ
പുനരുദ്ധാരണത്തിന്
ഒച്ചയെടുക്കുന്ന
പ്രസംഗകന്‍


അക്ഷരങ്ങളുടെ
മരണസര്‍ട്ടിഫിക്കറ്റിനു മുന്നില്‍
അമ്പരന്ന് നില്‍ക്കുന്ന
അദ്ധ്യാപകന്‍


കൊടിമരത്തിനു മുന്നില്‍
മൂത്രമൊഴിച്ച പട്ടിയുടെ
ശവമഞ്ചം
ഏറ്റുവാങ്ങേണ്ടി വന്ന
ന്യായാധിപന്‍


കണ്ണീരില്‍ നിന്നും
ഉപ്പ് കുറുക്കുന്ന
കോടീശ്വരനായ
പുതിയ ഗാന്ധി


പരിപ്പിന്റെ
ജാതകം നോക്കി
സാമ്പാറുപെക്ഷിച്ച
യുക്തിവാദിയായ
അച്ച്ചന്‍


ഇവര്‍ സൃഷ്‌ടിച്ച
പ്രണയത്തിന്റെ സെമിത്തേരിയില്‍
കഴുത്തില്‍ കയറുമായി
റോന്തുചുറ്റുന്ന ഞാന്‍.

??????

ജാലകം
chimizhu